തിരുവനന്തപുരം: റൂറൽ പൊലിസ് പരിധിയിലെ സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പൊലിസ് മേധാവി സമഗ്ര ഗുണ്ടാപ്പട്ടിക തയാറാക്കി. റൂറൽ ജില്ലയിൽ ആകെ 3,112 പേരാണ് പട്ടികയിലുള്ളത്. ഇതിൽ 173 ഗുണ്ടകളും 2,939 റൗഡികളും ഉൾപ്പെടും.
പൊലിസ് സ്റ്റേഷനുകളിൽ നിന്ന് ഡിവൈഎസ്പിമാർ ശേഖരിച്ച കണക്കുകൾ വിശദമായി പരിശോധിച്ചാണ് എസ്പി ഈ പുതിയ പട്ടിക തയാറാക്കിയിരിക്കുന്നത്. മുൻകാല കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ലിസ്റ്റിലുള്ളവരെ എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. കാപ്പ ചുമത്തേണ്ട അതീവ ഗുരുതര കുറ്റവാളികളെ എ വിഭാഗത്തിലും, നിലവിൽ കേസുകൾ ഉള്ളവരെ ബി വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
എ, ബി വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ കർശന മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ബോണ്ട് വയ്പ്പിക്കുകയും ചെയ്യും. ഏറെനാളായി പുതിയ കേസുകളിൽ ഉൾപ്പെടാത്തവരെ സി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരെ പെലിസ് നിരന്തരം നിരീക്ഷിക്കുകയും, ആവശ്യമെങ്കിൽ കരുതൽ തടങ്കലിലാക്കുകയും ചെയ്യും. ഡി വിഭാഗത്തിൽ മറ്റ് അനുബന്ധ വിഭാഗങ്ങളിലുള്ളവരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഗുണ്ടാ പട്ടികയിലുള്ളവരിൽ 30 പേർ കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായവരാണ്. ഇത്തരം കുറ്റവാളികളെ പ്രത്യേകമായി നിരീക്ഷിക്കുന്നതിനൊപ്പം ഇവരുടെ യാത്രാവിവരങ്ങളും സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷണ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. കാപ്പ ചുമത്തി നാടുകടത്തിയ ശേഷവും തിരിച്ചെത്തിയവർ, പിടികിട്ടാപ്പുള്ളികൾ, വാറന്റ് പ്രതികൾ എന്നിവരുടെ വിവരങ്ങളും പ്രത്യേക സ്ക്വാഡുകൾക്ക് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ആറു മാസത്തിനിടയിൽ ജില്ലയിൽ നിന്ന് 50ൽ അധികം ഗുണ്ടകളെ നാടുകടത്തുകയും 70ഓളം പേർക്ക് അതത് പൊലിസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ പരിശോധനകളും കർശന നടപടികളും തുടരുമെന്ന് പൊലിസ് വ്യക്തമാക്കി.